എന്‍റെ കൂട്ടുകാര്‍

Monday, November 9, 2009

ഉപ്പ്‌



ഓമനേ...
നീയൊരു സ്വര്‍ണ്ണമീന്‍ കുഞ്ഞാണ്‌
നീലക്കണ്ണും
തുടുത്ത ഉടലും
സ്വര്‍ണ്ണമുടിയുമുള്ളവള്‍.

കുതറിനീന്തി
കുതറിനീന്തി...
മെല്ലെ - മെല്ലെ
പളുങ്കുചില്ലില്‍
ചുണ്ടുരുമ്മി
ഒരു അക്വേറിയത്തിനടിവാരത്ത്‌.

ഏയ്‌...
ഒന്നു നില്‍ക്കു ....

മറന്നുവോ നീ;
ഉപ്പുകാറ്റിണ്റ്റെ വീട്‌,
പവിഴപ്പുറ്റ്‌,
കാക്കപ്പൊന്ന്‌ ചിതറി,
നിലാമുല ചുരന്നപോലെന്നും മിനുമിനുങ്ങുന്ന
ആഴിതന്നണിവയര്‍ ചുളിവ്‌
അന്തിയില്‍ സൂര്യന്‍റെ
ചോര കലങ്ങും നീര്‌.

നീയൊക്കെയും മറന്നുവെന്നോ
കടല്‍ ഇപ്പോള്‍ ഏറെ ദൂരെയാണ്‌.
നിന്നെക്കാണാതുരുകുന്നുണ്ടാം
തളര്‍ന്നിരുണ്ട വഴിക്കണ്ണുകള്‍
വെയിലേറ്റു മരിച്ചിട്ടുണ്ടാം
നിന്നെ കുരുക്കിയ വലക്കണ്ണുകള്‍.

എന്‍റെ കൈപിടിച്ച്‌
തിരികെ നടന്നെത്താനാമോ ...
എങ്കില്‍ പതുക്കെ...
ഇരുള്‍മറപറ്റി
ഈ അഭിസാരത്തെരുവുകടന്ന്‌
അമ്മയുടെ കണ്ണീരുപ്പിലേക്കുതന്നെ
തിരക്കൈ പിടിച്ച്‌
എന്നെ പുണര്‍ന്നു നിന്ന്‌
നാം നമ്മുടെ ഉപ്പിലേക്കുതന്നെ
മെല്ലെ...... മെല്ലെ......

*മുംബയ്‌ തെരുവില്‍ വച്ച്‌ ഒരിക്കല്‍ കണ്ടുമുട്ടിയ ഒരു നിശാനര്‍ത്തകിയുടെ ഓര്‍മ്മയ്ക്ക്‌

Thursday, October 8, 2009

"ഓക്കാനം" മന്ത്‌ലി




കുറെ രുചികള്‍
വിശപ്പിനെ ബലാത്സംഗം ചെയ്യുന്നത്‌
കാണണോ..... ?

ഉടലില്‍ നിന്ന്‌
നഗ്നത ഉറയൂരുന്നത്‌ . . .
പിന്നെ ഗില്‍ട്ടുപതിച്ച
ഉടുതുണികളില്‍
ആണും പെണ്ണും
ഊരു ചുറ്റുന്നത്‌. . .

പുതിയ പുതിയ
ഹിമതലങ്ങളിലേക്ക്‌ പറക്കാന്‍
പുഷ്പക വിമാനങ്ങള്‍,
ശീഘ്ര ശകടങ്ങള്‍.

അരക്കെട്ടിനു രക്ഷയോതുന്ന
ആളിനോട്‌ പേരുവയ്ക്കാതെ
പലരും സുരത ശങ്കകള്‍
‍തൊടുക്കുന്നതു വായിക്കണൊ... ?
ചന്ദ്രോത്സവങ്ങളുടെ
മധുര സാക്ഷ്യങ്ങള്‍
ദുര്‍മ്മേദിനികളുടെ
പുത്തന്‍ പ്രതീക്ഷകള്‍ പൂക്കും
പരസ്യ ചതുരങ്ങള്‍. . .

അടച്ചു വയ്ക്കാന്‍ തോന്നില്ല
ഈ മധുചഷകം.

ചിലപ്പോഴൊക്കെ കാണാം
രക്തം വറ്റിയ മുലകളുമായി
ഉടലു ചുങ്ങിയ കുഞ്ഞിനേയുമെടുത്ത്‌
ഒരമ്മയുടെ ചിത്രം.
താഴെ ഒരു മൂലയ്ക്ക്‌
സര്‍പ്ളസ്‌ മണിക്ക്‌
ഓക്കാനിക്കാന്‍
ഒരു കോളാമ്പി ഗ്രൂപ്പിന്‍റെ
ഫോണ്‍ നമ്പറും.

Sunday, August 16, 2009

ദൈവമക്കള്‍


യോസേഫ്‌....
നിന്‍റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളാണ്‌
ഈ തെരുവില്‍ മറിയയ്ക്ക്‌
മങ്ങിയ നിലാവു തളിച്ചത്‌.

ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
ചുഴലി തിരിഞ്ഞ്‌
ദൈവം കാറ്റായലഞ്ഞു.

യോസേഫ്‌...
നീയൊന്നുറങ്ങിയിരുന്നെങ്കില്‍
‍നിന്‍റെ നിദ്രയില്‍ വീണ്ടുമൊരു സ്വപ്നമായ്‌...

നീയീ ഖനിയില്‍ പണിചെയ്ത്‌
ചോരവറ്റി കരിഞ്ഞുപോയല്ലൊ

മറിയ നിറവയറുമായ്‌
ഹെരൊദായുടെ കാക്കിയിട്ട
ഭടന്‍മാരെ ഭയന്ന്‌
കടത്തിണ്ണയില്‍ ചുരുണ്ടു.

തെരുവില്‍ പതുങ്ങും
ചോദനകളുടെ ചൂട്‌
അവളുടെ ചുണ്ടില്‍
ഒരു വിലാപ മുദ്രയായ്‌
തിണര്‍ത്തു കിടന്നു.

കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌.

ഇനി ഈ ക്രൂശിങ്കലേക്കാവും
ഈ മനുഷ്യപുത്രന്‍റേയും പിറവി.
പൈക്കളും ഇടയരും
കിന്നരകന്യകളുമില്ലാതെ
തെരുവില്‍ അവന്‍ പിറന്നു വീണു.

കിഴക്ക്‌ ഒരു നക്ഷത്രമുദിച്ചു.

രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
യോസഫിനു നേരെ കൈ നീട്ടി.
"സാബ്‌...
മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

Sunday, June 28, 2009

ഒരു ലൈംഗിക തൊഴിലാളിയുടെ....


അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.

പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്‌.

സ്വപ്നത്തില്‍
കഴുകന്‍മാര്‍ കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്‌. . . .

അയ്യോ. . . ഞാനുപേക്ഷിച്ച
എന്‍റെ തന്നെ . . .
അവള്‍ നിലവിളിച്ചുകൊണ്ടോടി.

ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള്‍ അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.

"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക്‌ ഊടുവയ്ക്കുന്നവളാണ്‌.

പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കി കൊല്ലുന്നവളാണ്‌. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിന്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."

അവള്‍ കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്‌".


Sunday, June 21, 2009

നഗര വീട്‌



എന്നെ നോക്കി
കൊഞ്ഞനം കുത്തല്ലേ
വീടേ....

ഒരു കൈതരാമൊ
ദാ. . . ഞാനൊന്നു
പിടിച്ചു കേറിക്കോട്ടെ
ഈ ഞണ്ടിറുക്കിച്ചേറില്‍ നിന്ന്‌

നീ കളിനിര്‍ത്തിപ്പോയത്‌ ഞാനറിഞ്ഞില്ല.
പന്ത്രണ്ടാം നിലയില്‍
അയയില്‍ ഉണക്കാനിട്ട തുണികള്‍ക്കിടയില്‍
നീ കണ്ണുപൊത്തിക്കളിക്യാ. . . ?
എന്നെക്കൊണ്ടാവില്ല
നിന്നെ പിടിക്കാന്‍;
ഇങ്ങിനെ തോളേക്കേറി
ഗോവിന്ദ കളിക്കാന്‍;
ഞാനിവിടിരിക്കാം
തലകുമ്പിട്ട
കുറ്റിമരങ്ങള്‍ക്കിടയില്‍.

കൊക്കിവായന്‍ തെണ്ടി
എന്നെ ഒറ്റ നെരത്തങ്ങട്‌ നെരത്യാ
പിന്നെ നീ കൈ തന്നാലും
പിടിക്കാന്‍ ഞാനിണ്ടാവില്ല.

നിനക്കു വേണ്ടിയാ
ഈ ഹുണ്ടിക - എന്‍റെ ചോര.

നീ എന്‍റെ മനസ്സിലുണ്ട്‌.
നിന്നിലെ ഇരുപ്പുമുറിയില്‍
എന്‍റെ കവി സുഹൃത്തുക്കള്‍,
പഠനമുറിയില്‍ എന്‍റെ പിള്ളേര്,
അടുക്കളേല്‍ അവടെ പാത്രക്കലമ്പല്‌ . . .

ഇങ്ങിനെ സ്വപ്നം കാണുമ്പോഴായിരിക്കും
വാടകക്കാരന്‍ വന്ന്‌ വാതിലുമുട്ടുക.

എല്ലാം കണ്ട്‌ വെറുതെ കരയും
എന്‍റെ വാടക വീട്‌.
പാവം. . .

Sunday, June 7, 2009

കൊല്ലപ്പണിക്കാരന്റെ മകന്‍


എന്റെ ഉലയിലുയിര്‍ക്കുന്നു
മരണ മൂര്‍ച്ചകള്‍
‍അച്ഛാ....
നമ്മുക്കീ ബലിക്കണ്ണടയ്ക്കാം.
ഒരുമിച്ച്‌ ഇനിയൊരല്‍പ്പം പ്രാര്‍ത്ഥന....

മൂര്‍ച്ച;
നിനക്കെന്നും മണ്ണിന്‍ മദമിളക്കും
കലപ്പതന്‍ വരള്‍ നാവ്‌,
കന്‍മദങ്ങളുടെ ചൂരുതേടും
കട്ടപ്പാരതന്‍ കൂര്‍മുഖം,
ചേറുമറിക്കും തൂമ്പ,
കൊയ്ത്തരിവാള്‍ ചുണ്ട്‌,
സാലഭഞ്ജികകള്‍തന്‍
ഉടലുഴിയും ഉളിക്കൈ ചൊറുക്ക്‌.

പൊന്നരിവാളമ്പിളിക്കാലം
ഓര്‍ക്കവെ നിന്‍ സ്വപ്നങ്ങള്‍ക്ക്‌
ഇപ്പോഴും രതിമൂര്‍ച്ച.
ഇരുമ്പിന്‍റെ
ഉരുണ്ട തലകള്‍
ചുട്ടു തല്ലി
നിന്റെ മനോധ്യാനവും
മൂര്‍ച്ചിച്ചു കൊണ്ടേയിരുന്നു.

ഉലയില്‍ തണുത്ത മൌനം
ഉലാത്തു തുടങ്ങിയ ഒരു വറുതിക്കാലം.
കലാപത്തിന്‍റെ കനലുകോരി
കൊല്ലക്കുടികളെ
മാനഭംഗപ്പെടുത്തിയത്‌ ഞാനാണ്‌.
ഒരു നാള്‍
ഉലകളുടെ കൂട്ടനിലവിളി കേട്ട്‌
ആയുധപ്പുരയില്‍ ബന്ധനസ്ഥനായി
നീ....

ഒരു കഠാരത്തുമ്പത്ത്‌
ഭയന്നുവിറച്ച്‌
പുത്തന്‍ കൈകളില്‍
വാക്കത്തികുലയ്ക്കുകയാണ്‌
ഞാന്‍.....


മുംബൈ കവിതാസമിതിയുടെ "നഗരകവിത-രണ്ടായിരത്തിയേഴ്‌"-ല്‍ സമാഹരിക്കപ്പെട്ടത്‌.

Monday, May 25, 2009

നേര്‍ച്ചക്കോഴി



നേരിന്റെ നേര്‍മ്മയില്ല-
നാളെ തലയറുക്കാം
ചോരക്കളമൊരുക്കാം
തൊപ്പതുകില്‍പറിക്കാം
നേരിണ്റ്റ നേര്‍മ്മ ഇതിലൊട്ടുമില്ല.

കൊത്തിതിന്നത്‌ കൊലച്ചോറ്‌
ചോരമണക്കുന്നു
ചേവടിച്ചോട്ടില്‍.
വാക്കത്തി കൊക്കു കുലുക്കിവരുന്നോന്റെ
ചോരകുടിച്ചാലും കൊല്ലില്ലയെന്നെ
എന്റെ നേര്‍ച്ച പെരുമ്പൂരം നാളെയാണല്ലോ.

മറ്റവന്റെ പുഴനീങ്ങാനെന്റെ ചാവ്‌.
ചാവിന്റെ പെരുമ ചൊല്ലാന്‍ നൂറു നാവ്‌.

പെരുമ;
താടയുള്ളവന്‍ പൂടയുള്ളവന്‍
‍തുപ്പിനും ചപ്പിനും നല്ലവന്‍.

നേരാണ്ടിയപ്പന്റെ ചില്ലിട്ട ചിത്രത്തിന്‍ ചേരെ
ഇനിയെന്റെ ചില്ലിട്ട ചിത്രം.

കാടന്റെ പുരക്കളികള്‍ക്കിടയില്‍ ‍
കോന്നിട്ടുവല്ലൊ ചോപ്പിച്ചുവല്ലൊ.
ചോരപ്പുലരിക്ക്‌ കൂവിപൊലിക്ക.

* കണ്ണൂരിന്റെ വിധവകള്‍ക്കും അമ്മമാര്‍ക്കും- പിന്നെ വഴിവിട്ട വിദ്യാര്‍തിരാഷ്ട്രിയത്തിലെ നേര്‍ച്ചക്കോഴികള്‍ക്കും

Sunday, May 10, 2009

അതിജീവനം

പേറു കഴിഞ്ഞ്‌
ചത്ത പയ്യിനെ
ഞങ്ങള്‍ കുഴിച്ചിട്ടു.

പൈക്കുട്ടിയുടെ കണ്ണില്‍
ചുരന്ന
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.

അത്‌
നാലുകാലില്‍
വിറച്ചു വീണ്‌
പിന്നെയും എഴുന്നേറ്റു.

കണ്ണുകളില്‍ ഞങ്ങള്‍ കണ്ട
വഴിയുടെ
വെള്ളിരേഖകള്‍
എപ്പോഴോ മാഞ്ഞുപോയപോലെ...

അതു നടന്നു.

അമ്മേയെന്ന്
ഒന്നുരണ്ടുവട്ടം വിളിച്ചു.

കരഞ്ഞു . . . .

ഓരടി ഈരടി വെച്ച്‌
അത്‌
ആദ്യത്തെ
പുല്‍നാമ്പു കടിച്ചു .

(കലാകൌമുദി വാരികയില്‍ 2007 സെപ്തംബറില്‍ പ്രസിദ്ധീകരിച്ചത്‌)

Friday, May 1, 2009

അഭയ


പഠന മുറിയില്‍നിന്ന്‌

അടുക്കളയിലേക്കുള്ള ദൂരം ,
അടുക്കളയില്‍ നിന്ന്‌ ,
കിണറിലേക്കുള്ള ദൂരം -
ഇവ അളന്നു തിട്ടപ്പെടുത്തിയാല്‍
പിന്നെ ഒരു ഡമ്മിയുണ്ടാക്കണം
ദുരൂഹതയുടെ ആഴങ്ങളിലേക്ക്
ചന്ദ്രന്‍ പോലും വീണെത്താത്ത
കിണറിലെ ദുഷിച്ച ഇരുട്ടിലേക്ക്
അതിനെ വലിച്ചെറിയണം.

എല്ലാം കഴിഞ്ഞു .

പട്ടികള്‍ക്ക് കൂട്ടില്‍ തിരിച്ചു പോകാം
വെളുത്ത സ്രാവുകള്‍ക്ക്
മദജലത്തില്‍ പുതിയ മീനുകള്‍ തിരയാം
ഒരായുസ്സിന്‍ടെ മെഴുകുതിരികള്‍
സത്യത്തിന്റെ കുഴിമാടത്തില്‍
കൊണ്ടുവച്ച് സ്വയമെരിഞ്ഞ
ഒരു മകളുടെ അച്ഛന്
ഇതാ കറവ വറ്റി
അറവ്ശാലയിലേക്ക് തെളിക്കപ്പെട്ട
ഒരു പാവം വാക്ക്‌
ീതി !!!

Thursday, April 30, 2009

ഹോര്‍മ്മോണുകള്‍


ഒന്ന്‌ : യാത്രകള്‍

കൂട്ടുകാരി . . . .
മഴനൂലുകള്‍ മലയിറങ്ങി വരുന്നു. ഹോര്‍മ്മോണുകളുടെ പൊരുളുതേടി
ഞാനിറങ്ങുകയാണ്‌
ഈ ഈറന്‍ മണ്ണിലേക്ക്‌.

എങ്ങിനെയാണ്‌
അതിരിലെ അരളിമരങ്ങളില്‍,
കുടമുല്ല വള്ളികളില്‍വീണ്ടും വസന്തം ഉറവെടുക്കുന്നത്‌.

ഞാറ്റുവേലകള്‍ക്ക്‌മദം പൊട്ടുന്നത്‌.
ഗ്രഹണനേരങ്ങളില്‍
ഫണം നീര്‍ത്തി വിഷം ചീറ്റിനാഗങ്ങള്‍ നില്‍പ്പത്‌.
പിന്നെ
നാം മറക്കുമൊ
ആ മദരാത്രിയില്‍ നാമൊരൊറ്റ മരമായി പൂത്തത്‌.

രണ്ടു: കാമനകള്‍

ഏത്ര നല്ലവരായിരുന്നു നാം
എന്നിട്ടും നമ്മുടെ ചങ്ങാത്തം.... !!!
ഏണ്റ്റെ ഉഷ്ണഗര്‍ഭങ്ങളില്‍
നിന്നൂറിയ കന്‍മദം
നിന്നില്‍ പെയ്തിറങ്ങി.
വീണ്ടും വീണ്ടും ഏല്ലാം കുടിച്ചുതീര്‍ത്ത്‌
നീ തപിച്ചു തന്നെ നിന്നു

മൂന്ന്: വെളിപാടുകള്‍

അന്നാണ്‌
ഹോര്‍മ്മോണുകളെക്കുറിച്ച്‌
നമ്മുക്ക്‌ വെളിപാടുണ്ടായത്‌
ഋതുവേളകളിലെ നിണ്റ്റെ അതേ നിറം
മഴമുറ്റിയ താഴ്വരകളുടെ കവിളിലും കണ്ടത്‌‌.
നക്ഷത്രകുഞ്ഞുങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന രാത്രിയില്‍
ജനലുകള്‍ മാത്രമുള്ള വീട്ടില്‍
നാം പുണര്‍ന്നിരുന്നത്‌.
കളിവീടും മണ്ണപ്പവും വിട്ട്‌
കാമനകളുടെ വീട്ടില്‍
കുടികിടപ്പു തുടങ്ങിയത്‌.

നാല്‌: ഗന്ധങ്ങള്‍

നിണ്റ്റെയും എണ്റ്റെയും ഗന്ധം
ജീവിതം ജീവനില്‍മീട്ടിപ്പൊലിപ്പിച്ച പാട്ടാണ്‌.
മുല്ലപ്പൂക്കളില്‍ നിന്നും
അടുക്കളയിലെ ചുവരലുമാരയിലെ
കടലാസില്‍ പൊതിഞ്ഞ
പഴകിയ പപ്പടത്തിണ്റ്റെ ഗന്ധത്തിലേക്ക്‌-
ഉച്ചവെയില്‍മുറ്റത്ത്‌ മേഘത്തണലോടുംമ്പോലെനിന്‍
നൃത്തച്ചുവട്‌ മാറ്റിയതെപ്പോഴാണ്‌.

ഉണ്ണിയുടെ ചുണ്ടില്‍ നിന്നും ഊര്‍ന്നൂവീഴും മധു,
പാല്‍ച്ചൂര്‌, അവണ്റ്റെ മൂത്രത്തില്‍കുതിര്‍ന്ന മെത്ത-
അതില്‍ എണ്റ്റെ വിയര്‍പ്പ്‌ കുഴയുമ്പോഴാണ്‌
ഞങ്ങളിലൂടെ
നീ നിന്നെത്തെന്നെ തൊട്ടറിയുന്നത്‌.

എണ്റ്റെ കൂട്ടുകാരിനാമെങ്ങിനെ ഇങ്ങിനെ മാറി. . . ?

അഞ്ജ്ച്‌ : ജീവന്‍

വേനല്‍ ഒന്നും എടുത്തില്ല.
വിത്തുകള്‍ നിണ്റ്റെ മണ്ണില്‍ഉറക്കത്തിലായിരുന്നു.

ശ്മാശാനങ്ങളുടെ മൂകരാഗം നിലച്ചു.
മഴ. . . . .

ഇപ്പോള്‍ രാത്രി ഒരു സിംഫണിയാണ്‌.
തെങ്ങിന്‍ചുവട്ടില്‍ തൊപ്പിവച്ച്‌ രണ്ടു കൂണുകള്‍
വരമ്പത്ത്‌ നിറയെ തവളകള്‍
മഴപ്പാറ്റകള്‍ ഉയിരെടുക്കുന്നു.
നിണ്റ്റെ അടിവയറ്റില്‍
നമ്മുടെ പുതിയ ജീവന്‍.
ചുറ്റും പുതിയ പുതിയ ജീവന്‍
ഉള്ളില്‍ ഒരു പൂമ്പാറ്റ ചിറകടിക്കുന്നു.
നീ നിണ്റ്റെ കണ്ണുകള്‍ ചിമ്മിഎന്നെ ചേര്‍ന്ന്‌ നിന്നു.
നിണ്റ്റെ ചുണ്ടുകളില്‍
വീണ്ടും വീണ്ടും ഒരു പെരുമഴയായി ഞാന്‍. . . .

Sunday, April 12, 2009

ഉടയുന്ന ചിത്രങ്ങള്‍

പഴയപോലെയല്ല
വല്ലപ്പോഴും ഒന്നു വിളിച്ചാലായി
അച്ഛായെന്ന്‌
വെറുമൊരു വാക്കായ്‌
വെറുതെ . . . .

പാവം ഞങ്ങളല്ല കുറ്റക്കാര്‍
ഞങ്ങള്‍ക്കിടയില്‍
ചിത്രങ്ങള്‍ ഉടഞ്ഞു വീഴുകയാണ്.

അതുകൊണ്ടാവും
അവള്‍ക്കു ഞാനും
എനിക്കവളും
ഒച്ചയടച്ച വാക്കായത്‌.

ഒന്നിച്ചു ഞങ്ങള്‍ പത്രം വായിക്കാറില്ല
ടിവി കാണാറില്ല
ഞങ്ങള്‍ക്കിടയില്‍
ഒരു ചമ്മല്‍ പമ്മി നടപ്പുണ്ട്

പാവം ഞങ്ങളല്ല
ഞങ്ങള്‍ക്കിടയില്‍
ചിത്രങ്ങള്‍ കുത്തിയുടച്ചത്‌.

Friday, April 3, 2009

ഇരകളുടെ സംഘഗാനം

അനുദിനം മരണമെന്ന മഹാമൌനത്തിലേക്കു വികസിക്കുന്ന ഈ ജീവിതം ആരംഭിച്ചത്‌ ഗര്‍ഭപാത്രത്തിലെ കുടുസ്സു മുറിയിലെ ഏകാന്തമൌനത്തില്‍ നിന്നാണ്‌. പിറവിയില്‍നിന്ന്‌ മരണത്തിലേക്ക്‌ ഒഴുകിത്തീരുന്ന ഈ യാത്രയെ ജീവിതമെന്നു വിളിക്കാം. മനുഷ്യന്‍ അവന്‍ ജീവിക്കുന്ന സമയ കാലങ്ങളെ സൃഷ്ടിക്കുകയും പുനസൃഷ്ടിക്കുകയും ചെയ്യുന്ന ചരിത്രമുദ്രകളെ സര്‍ഗ്ഗാത്മകതയെന്നും.

സര്‍ഗ്ഗാത്മകത ഒരു ചരിത്രദൌത്യമാണ്‌ അത്‌ കാലത്തെ അടയാളപ്പെടുത്തുന്നു. വരും കാലങ്ങളുടെ രൂപമാറ്റങ്ങളെ സ്വാധീനിക്കുന്നു. സര്‍ഗ്ഗാത്മകത അതിണ്റ്റെ എല്ലാ മാധ്യമങ്ങളിലൂടെയും അതിശക്തമായി വെളിപ്പെടുന്നു. പൂര്‍വ്വികര്‍ നിര്‍വഹിച്ച ചരിത്രദൌത്യങ്ങളില്‍ നിന്നാണ്‌ ഇന്നിണ്റ്റെ എഴുത്ത്‌ അതിണ്റ്റെ ഇടം കണ്ടെത്തുന്നത്‌. പക്ഷെ പല പുതിയ എഴുത്തുകാരിലും ചരിത്രബോധം ഒരു പൊതുബോധമായി കാണുന്നില്ല. പുതിയ എഴുത്തുകാര്‍ സമകാലീന ജീവിത സാഹചര്യത്തേയും അതിണ്റ്റെ പുതിയ ഭീതികളേയും ശക്തിദൌര്‍ബല്യങ്ങളേയും വരച്ചുവയ്ക്കുന്നു. അശാന്തവും ആപത്തുനിറഞ്ഞതുമായ വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടുള്ള പുതിയ എഴുത്തുകാരുടെ ചരിത്രദൌത്യങ്ങള്‍ക്ക്‌ നിഷേധവും പ്രതിഷേധവും ഒരു പൊതു സ്വഭാവമാകുന്നത്‌ സ്വാഭാവികം മാത്രം.

സമയ പ്രവാഹത്തിണ്റ്റെ വാഗ്മയങ്ങളാണ്‌ പുതിയ എഴുത്തിണ്റ്റെ ആഖ്യാന തന്ത്രം. വിപ്ളവ പ്രതീക്ഷകളും വാഗ്ദത്തങ്ങളും പുതിയ പ്രത്യയ ശാസ്ത്ര ധൈഷണിക പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ ഓരോ എഴുത്തുകാരനും അണിചേരു ജാഥ നീങ്ങുത്‌ ഒരേ ഇടത്തിലേക്കാണ്‌. സമകാലീനമായ ചില പൊതു പ്രമേയങ്ങളിലേക്ക്‌ ഇന്നിണ്റ്റെ എഴുത്ത്‌ മൊത്തമായി ചുരുങ്ങി പോകുത്‌ കാണാം. സമകാലികത ഒരു പൊതു സ്വത്താണ്‌, പക്ഷെ മൌലികതയ്ക്കു വേണ്ടി പുതിയ എഴുത്തുകാര്‍ കാണിക്കുന്ന 'ഗിമ്മിക്കില്‍' ചോര്‍ന്നു പോകുന്നത്‌ സമകാലീന വിഷയങ്ങളുടെ ഗൌരവവും അതുയര്‍ത്തേണ്ടുന്ന സമരബോധവുമാണ്‌. ആഗോളവല്‍ക്കരണത്തെയും ഉദാരവല്‍ക്കരണത്തെയും നാം ചര്‍ച്ചചെയ്ത്‌ നിസ്സാരവല്‍ക്കരിക്കുന്നു. എഴുത്ത്‌ ഒരു ചരിത്ര ദൌത്യമാണെന്നുള്ള തിരിച്ചറിവ്‌ യുവതലമുറയ്ക്ക്‌ നഷ്ടമാവുകയാണൊ ? സമയത്തിണ്റ്റെ നിര്‍വ്വികാരമായ ചില 'സ്നാപ്പ്‌ ഷോട്ടു' കളിലേക്ക്‌ പുതിയ കഥകളും കവിതകളും ഒതുങ്ങി പോകുന്നു. സാഹിതീയമായ ജീവിതസാഹചര്യം തന്നെ അപ്രത്യക്ഷമാകുന്ന ഈ അവസരത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമെ ചില നല്ല കൃതികള്‍ മലയാളത്തില്‍ ഉണ്ടാകുന്നുള്ളു.

എഴുത്ത്‌ ഒരു ചരിത്ര ദൌത്യമാണെന്ന്‌ പറഞ്ഞു വയ്ച്ചുകൊണ്ട്‌ മലയാളത്തിണ്റ്റെ ഒരു യുവ കഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനം അദ്ദേഹത്തിണ്റ്റെ ഒരു പുസ്തകത്തിണ്റ്റെ മുഖക്കുറിപ്പില്‍ ഇങ്ങിനെ ഒരു കഥ പറയുന്നു.

'വികൃതമായചുണ്ടും കുറ്റിത്തലമുടിയും, വള്ളിചെരിപ്പും കയ്യില്‍ വെള്ളിയുടെ മുദ്രവളയുമായി അധികം ആരോടും സംസാരിക്കാതെ ഗ്രാമത്തിലൂടെ അയാള്‍ നടുന്നു പോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌ '

'താന്‍ എഴുതുന്നതെന്തും ഒരു കടലാസിലേക്കു പകര്‍ത്തി ദിവസവും രാവിലെ അയാള്‍ രണ്ട്‌ അനാദി കടകളും മദ്യ ശാലയും കടന്നു്‌ പട്ടഷാപ്പിലെ നിരപ്പുപലകയില്‍ ഒട്ടിക്കുമായിരുന്നു. ആ ചെറിയ കവലയില്‍ ആരെങ്കിലും ഒരാള്‍ വ്ന്ന്‌ തണ്റ്റെ സങ്കടങ്ങള്‍ കൂട്ടിവായിക്കുമെന്ന്‌ ആ എഴുത്തുകാരന്‍ പ്രതീക്ഷിച്ചിട്ടൂണ്ടാവണം. നിര്‍ഭാഗ്യമെന്നു പറയട്ടെ; രാവിലെ ഷാപ്പുകാരന്‍ കടയുടെ മരപ്പലകകള്‍ ഓരോന്നായി മാറ്റുകയും രാത്രി പതിവുകാരെല്ലാം ഒഴിഞ്ഞു കഴിയുമ്പോള്‍ അവ യഥാസ്ഥാനത്ത്‌ നിരത്തിവയ്ച്ച്‌ വലിയ താഴിട്ട്‌ പൂട്ടുകയും ചെയ്തു. ഇതു മൂലം ഷാപ്പുകാരനൊഴികെ രണ്ടാമതൊരാള്‍ വായിക്കുകയൊ കാണുകയൊ ചെയ്തില്ല. പക്ഷെ കേവലം ഒരു വായനക്കാരന്‍ പോലും ഇല്ലെറിഞ്ഞുകൊണ്ടുതന്നെ ആ എഴുത്തുകാരന്‍ മരപ്പലകമേല്‍ മുടങ്ങാതെ തണ്റ്റെ കടമ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.

'എഴുത്ത്‌ ഒരു ചരിത്രദൌത്യമാണെന്ന്‌ എന്നെ പഠിപ്പിച്ചത്‌ ഈ മനുഷ്യനാണ്‌'

കാലം, ഭാഷ, സാഹിത്യം

കാലം നമ്മുടെ ഭാഷയെ, ജീവിതത്തെ, സംസ്കാരത്തെ, കലയെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. ഒരു പ്രമേയത്തിണ്റ്റെ ഒരേ ആഖ്യാനങ്ങളെ നാം എന്നും വെറുത്തു പോന്നു. അതു കൊണ്ടുതന്നെ ഒരേ മണ്ണില്‍ വേരുറപ്പിച്ചു നില്‍ക്കുമ്പോഴും പുതിയ പ്രകാശങ്ങളിലേക്കു വളരാന്‍ നാം എന്നും ശ്രമിച്ചുകൊണ്ടിരിക്കണം. പുതിയ എഴുത്ത്‌ അലങ്കാരങ്ങള്‍ ഉപേക്ഷിച്ച്‌ സമയത്തോട്‌ നേരിട്ട്‌ ഇടപെടാന്‍ ശ്രമിക്കുന്നത്‌ കാണാം. വളരെ കപടമായ ഈ ലോകത്ത്‌ സത്യസന്ധമായ ഒരു ഹൃദയത്തിണ്റ്റെ പ്രകാശനമാണ്‌ ഇന്നിണ്റ്റ ഏറ്റവും മികച്ച എഴുത്ത്‌. അതുകൊണ്ടുതന്നെ പുതിയ എഴുത്ത്‌ ആടയാഭരണങ്ങള്‍ അഴിച്ചു വയ്ക്കുന്നു. നഗ്നതയാണ്‌ സത്യം വസ്ത്രം കാപട്യമാണ്‌ ഒരോവാക്കും ഒരു കുഞ്ഞിണ്റ്റെ നിഷ്കളങ്കമായ ചിരിയും നിലവിളിയും ചിണുങ്ങലുമാണ്‌. സത്യസന്ധമായ ഒരു ജീവിതത്തിണ്റ്റെ ഹൃദയ പ്രകാശംകൊണ്ട്‌ ഇരുളു മൂടിയ ഈ കപടലോകത്തെ മുഴുവന്‍ പ്രകാശം കൊണ്ട്‌ നിറയ്ക്കാം എന്ന്‌ വ്യാമോഹിക്കുന്നില്ല. പക്ഷെ ഈ 'വെളിച്ചം ഒരു കലാപമാണ്‌'*. അത്‌ നിലവിലുള്ള ധൈഷണിക സങ്കീര്‍ണ്ണതകളുടെ സത്യം നേടാന്‍ വായനക്കാരനെ പ്രേരിപ്പിക്കുു. ജന സമൂഹത്തിണ്റ്റെ ബോധ പ്രപഞ്ചത്തില്‍ കലാപം നിലച്ചു പോയതോടെ ഇവിടെ കാപഠ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഒന്നും ചെയ്യാനില്ലാതെ പരസ്പരം വിശ്വാസമൊ സൌഹൃദമൊ ഇല്ലാതെ ഓരോ വ്യക്തികളും ഓരോ തുരുത്തുകളായി അവരവരുടെ കുടുസ്സു മുറികളില്‍ കാലത്തിനൊപ്പം ഉറങ്ങുമ്പോള്‍ നമ്മുടെ കളപ്പുരകള്‍ ശൂന്യമാകുന്നു നമ്മുടെ പൈതൃകത്തിണ്റ്റ നീക്കിയിരിപ്പുകള്‍ ശോഷിക്കുന്നു. വരും തലമുറയ്ക്കു മുന്‍പില്‍ ഒരു നാള്‍ നാം തലകുനിച്ചു നില്‍ക്കേണ്ടിവരും. ആകാശം നഷ്ടപ്പെട്ട ഒരു വലിയ ജന സമൂഹം - അല്ലെങ്കില്‍ ആനന്ദിണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ വെറുമൊരാള്‍ക്കുട്ടം.

സമയത്തിനൊപ്പമല്ല സമയത്തില്‍ വൈരുദ്ധ്യാത്മകമായ ഒരു ഇടപഴക്കമുണ്ടാകുമ്പോഴാണ്‌ ഒരു കാലഘട്ടത്തിലെ വ്യവസ്ഥിതികളെ തകിടം മറിക്കാവു കൃതികള്‍ സമൂഹത്തിന്‌ ലഭിക്കുന്നത്‌. ഇവിടെയാണ്‌ മാര്‍ക്സിണ്റ്റെ വൈരുദ്ധ്യാത്മക സൌന്തര്യ ശാസ്ത്രവുമായി എഴുത്ത്‌ സന്ധിക്കുന്നത്‌. നദികളും നീരരുവികളും പിറവിയെടുക്കും പോലെ സര്‍ഗ്ഗാത്മകത ആ സത്യത്തെ നിഷേധിക്കാതെ തന്നെ അതേ ജലത്തെ തടഞ്ഞു നിര്‍ത്തി വൈദ്യുതോര്‍ജ്ജത്തെ ഉത്പാദിപ്പിക്കും പോലെ, ജൈവിക നൈതികതയില്‍ മനുഷ്യണ്റ്റെ വിപ്ളവ ബോധം വൈരുദ്ധ്യാത്മകമായി ഇടപെടുന്നു. പഴയ വ്യവസ്ഥിതികളെ പുനര്‍നിര്‍മ്മിക്കുന്നതിനുവേണ്ടി പുഴുക്കളും കൂത്താടികളും പെറ്റു പെരുകിയ കാലത്തിണ്റ്റെ കെട്ടികിടക്കുന്ന ജലാശയത്തെ വെട്ടിപ്പൊളിക്കുന്നു. പുതിയ എഴുത്ത്‌ വര്‍ണ്ണ കടലാസ്സുകളുടേയും ഖില്‍ട്ടുകളുടേയും മായക്കാഴ്ച്ചയല്ല. അതിണ്റ്റെ യാത്രതുടങ്ങുന്നത്‌ - തുടങ്ങേണ്ടത്‌ സമൂഹത്തിണ്റ്റെ പുറം പോക്കുകളില്‍നിന്നാണ്‌. അവിടെ തിങ്ങി പാര്‍ക്കുന്ന അസംഖ്യം ജനമനസ്സുകളില്‍ നിന്നാണ്‌.

എഴുത്തിണ്റ്റ പുതിയ രൂപങ്ങള്‍

പുതിയ എഴുത്തില്‍ രൂപപരമായി മാത്രം നടത്തുന്ന അന്വേഷണം പുതിയ പ്രതിസന്ധികളെ സന്ധിക്കുന്നത്‌ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാവുന്നതാണ്‌. വെറും ഭാഷാ പരീക്ഷണങ്ങള്‍കൊണ്ട്‌ ഒരു ജനസമൂഹത്തിണ്റ്റെ ആന്തരിക ജീവിതത്തെ കീഴടക്കാനാവില്ല. ഓരോ ഋതു ചക്രത്തിലും ഓരോ സ്ഥലകാലങ്ങളിലേക്കു പ്രയാണം നടത്തുന്ന ദേശാടനക്കിളികള്‍ യാത്രയുടെ ഒരു വൃത്തം പൂര്‍ത്തീകരിക്കുമ്പോള്‍ യാത്ര തുടങ്ങിയ അതേ ജലരാശിയുടെ തീരത്തു തന്നെ എത്തിചേരേണ്ടിവരുന്നതുപോലെ പരീക്ഷണങ്ങള്‍ക്കു വേണ്ടി പരീക്ഷണങ്ങള്‍ നടത്തുമ്പോഴാണ്‌ ഇത്തരം 'ഋണ' തുല്യമായ അവസ്ഥകളെ അഭിമുഖീകരിക്കേണ്ടിവരുന്നത്‌. ഭാഷ രൂപപ്പെടുത്തേണ്ടുന്ന ഒന്നല്ല അത്‌ സ്വയം രൂപപ്പെടുന്ന ഓന്നണ്‌, അതിണ്റ്റെ വേരുകള്‍സമൂഹത്തിണ്റ്റെ ഹൃദയത്തിലാണ്‌ - ജനതയുടെ വിപ്ളവ ബോധത്തിലാണ്‌. ഇതൊക്കെ നിലയ്ക്കുമ്പോള്‍ ഭാഷ നിര്‍വ്വികാരമാകുന്നു. വാക്കുകളില്‍ശൂന്യത പടരുന്നു - ഒരു ജനസമൂഹത്തിണ്റ്റെ ആന്തരിക ജീവിതം ശൂന്യമാകുന്നു, അവിടെ കാലം നിശ്ചലമാണ്‌. ആ കെടുകാലത്തെയാണ്‌ അധിനിവേശം അതിണ്റ്റെ സുന്ദരകാലമായി വിലയിരുത്തുന്നത്‌. ഇതു പോലെയുള്ള അശാന്തകാലത്തിലാണ്‌ നാം പഴയ ഭിംഭങ്ങളെ പുതിയ ഫ്രെയിമില്‍ പ്രദര്‍ശിപ്പിച്ച്‌ ആളു ചമയുന്നത്‌.

വീടു നഷ്ടപ്പെട്ടവര്‍

അതിജീവനത്തിണ്റ്റെ പുതിയ ത്രന്തങ്ങള്‍ മെനയുന്ന പുതുജന സമൂഹവും അതിണ്റ്റെ ആന്തരിക ജീവിതവും പുതിയ അപകടങ്ങളിലേക്ക്‌ പായുകയാണ്‌. വിവര സാങ്കേതിക വിദ്യയും പുതിയ ശാസ്ത്ര വികാസങ്ങളും പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്‌ പെരുകിയ ജനസമൂഹത്തെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ജീവിക്കാന്‍ അറിവല്ല 'വിവരങ്ങളാണ്‌' (ഇന്‍ഫമെഷന്‍) ആവശ്യം. ഓരോ മനുഷ്യമനസ്സും വിവരങ്ങളുടെ കൂമ്പാരമാണ്‌. സഞ്ചരിക്കുകയും ഇണ ചേരുകയും ചെയ്യു 'ഡേറ്റ ബേങ്കുകള്‍'; ജൈവീക മാനങ്ങള്‍ അതിണ്റ്റെ പ്രത്യക്ഷത്തില്‍തന്നെ തകര്‍ക്കപ്പെടുകയും ഇവരുടെയെല്ലാം ആന്തരിക ജീവിതം വിവര സാങ്കേതിക വിദ്യയുടെ പുറം പോക്കുകളിലേക്ക്‌ തള്ളപ്പെടുകയുമാണ്‌. പുതിയ മനുഷ്യന്‍ വീട്‌ നഷ്ടപ്പെട്ടവനാണ്‌ അവണ്റ്റെ വീട്‌ എവിടെയാണ്‌; അവനുമാത്രം കാഴ്ചപ്പെടുകയും അവനുമാത്രം കയറിയിരിക്കാനും വേരുകള്‍ സമൂഹത്തിണ്റ്റെ ജലാര്‍ദ്രതയിലേക്കു പായിക്കുകയും ചെയ്തിരുന്ന അവണ്റ്റെ വീട്ടിലേക്ക്‌ അവനെ തിരിച്ചെത്തിക്കേണ്ടതുണ്ട്‌ . ആലിന്‍ കായില്‍ നിന്ന്‌ മഹാവൃക്ഷത്തെ വായിച്ചെടുത്ത കണാദണ്റ്റെ കണ്ണ്‌ ഇവനും വേണം. മരത്തില്‍ നിന്ന്‌ വേരുകളുടെ പ്രാര്‍ത്ഥനയും പക്ഷികളില്‍ നിന്ന്‌ ചേക്കേറ്റയും ഇവന്‍ പഠിക്കണം. ജലം ശുദ്ധിയാണെന്നും തീയില്‍ നി്‌ ചിന്തകളുടെ ഊര്‍ജ്ജപ്രസരണത്തെയും അവന്‍ ഓര്‍ത്തെടുക്കണം. കാടിണ്റ്റെയും വെള്ളച്ചട്ടത്തിണ്റ്റെയും ചാനല്‍ക്കാഴ്ച്ചകള്‍ മാത്രം കണ്ടാല്‍ അവന്‍ അവണ്റ്റെ സ്വന്തം വീടണയുകയില്ല. ഇതൊക്കെ അവണ്റ്റെ രസനകള്‍ക്ക്‌ ചില പതിവു കാഴ്ചകള്‍ മാത്രം. പിന്നെ എങ്ങിനെ അവനെ അവണ്റ്റെ വീട്ടിലേക്ക്‌ തിരിച്ചെത്തിക്കും. എങ്ങിനെ അവന്‍ പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്വയം അകപ്പെട്ടിരിക്കുന്ന ധൈഷണിക സങ്കീര്‍ണ്ണതകളില്‍നിന്നും, വേദനകളില്‍നിന്നും, സഹനത്തില്‍നിന്നും, അലച്ചിലില്‍നിന്നും, അവനെ കൈപിടിച്ചുയര്‍ത്തും. ഇവിടെയാണ്‌ കലയും സാഹിത്യവും ചെയ്യേണ്ടത്‌ എന്തെന്നും അവര്‍ അകപ്പെട്ടിരിക്കുത്‌ എവിടെയാണെന്നും ഉള്ള ഉള്ളറിവും വേവലാതികളും ഉടലെടുക്കുന്നത്‌. കലയും സാഹിത്യവും സഞ്ചരിക്കുത്‌ കാലത്തിന്‌ സമാന്തരമൊ വിപരീതമൊ ആയിക്കോട്ടെ പക്ഷെ ഈ പുതിയ മനുഷ്യനെ തെണ്ടിയെ്‌ ആരും വിളിക്കരുത്‌. അവണ്റ്റെ ആത്മാവിണ്റ്റെ വീടിണ്റ്റെ ചിത്രം കാണിച്ച്‌ അവനെ അധമനെന്നും തിരസ്കൃതനെന്നും വിളിക്കരുത്‌. വിളിക്കുന്നവനും വിളികേള്‍ക്കുവനും ഒരേ അശാന്ത കാലത്തിണ്റ്റെ ഇരകളാണ്‌ എന്ന്‌ മറക്കരുത്‌. ഇവിടെ എഴുത്തുകാരനും വായനക്കാരനും ഇരകള്‍തന്നെ. ചരിത്രത്തിണ്റ്റെ പ്രാരാബ്ദങ്ങളെ ചളിക്കുണ്ടിലെറിഞ്ഞ്‌ കൈയ്യുംവീശി തിരിഞ്ഞുനോക്കാതെ ഓടുന്നവര്‍. വൈറസ്സുകേറാതെ ചരിത്രത്തെ ഓട്ടൊ ബാക്പ്പ്‌ മൊടില്‍ ഇട്ടിരിക്കുകയാണ്‌ ഇവര്‍, അതുകൊണ്ടുതന്നെ ഇവര്‍ ഭാരമില്ലാത്തവരാകുന്നു. ഈ പുതിയ കാലത്തില്‍ എല്ലാവരും ഓരോ തുരുത്തുകളിലാണ്‌; കുടികിടക്കുന്നത്‌ ഒരേപുറംമ്പോക്കിലും. എല്ലാവര്‍ക്കുമുകളിലും അദൃശ്യമായ ഒരു കണ്ണുണ്ട്‌; അവ അവനെ പിന്‍തുടര്‍ുകൊണ്ടേയിരിക്കുന്നു. ദൂരെയുള്ള ആര്‍ക്കോവേണ്ടിയാണ്‌ അവന്‍ അധ്വാനിക്കുന്നത്‌. ദൂരെയുള്ള ആരുടെയൊക്കെയൊ പ്രലോഭനങ്ങളില്‍ വീണാണ്‌ അവന്‍ പൈസ ചിലവിടുത്‌. ഉടല്‍ എന്തിനൊക്കെയൊ ഒരു നിമിത്തമാകുന്നു.

സമകാലീനതയിലെ രണ്ടു ജാതികള്‍

സര്‍ഗ്ഗാത്മകത കാലത്തിനൊത്ത്‌ രൂപപ്പെടേണ്ട ഒന്നല്ല എന്നും മറിച്ച്‌ ഈ കാലഘ'ത്തിണ്റ്റെ ഉല്‍പങ്ങള്‍ ആയിമാറാതെ പുതിയ ഒരു സമയ കാലത്തെ രൂപപ്പെടുത്താനുള്ള ആജ്ഞാശക്തി സമകാലിക കലയ്ക്കും സാഹിത്യത്തിനും ഉണ്ടാകണമെന്ന്‌ ഒരു കൂട്ടര്‍ വാദിക്കുന്നു. മറ്റൊരു കൂട്ടര്‍ കാലത്തിണ്റ്റെ സഞ്ചാര രേഖയില്‍ വിശ്വാസമുള്ളവരാണ്‌. അവര്‍ കാലത്തിനൊത്ത്‌ രൂപമാറ്റങ്ങള്‍ക്ക്‌ വിധേയരാകുന്നു. എഴുത്തിനെ കവച്ചുവയ്ക്കുന്ന 'എഴുത്താളന്‍മാരായി' അവര്‍ സ്വയം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. കാലം സമകാലീന സര്‍ഗ്ഗാത്മകതയുടെ ആജ്ഞാശക്തിക്ക്‌ വിധേയമാകണം എന്ന്‌ ആഗ്രഹിക്കുന്ന ആദ്യത്തെ മതക്കാര്‍ 'വിപ്ളവകാരികള്‍' എറിയപ്പെടുന്നു. ഇവര്‍ പുതിയ മനുഷ്യനെ അധ്വാനിക്കാതെയും ചിലവഴിക്കാതെയും ജീവിക്കണമെന്ന്‌ പഠിപ്പിക്കുന്നു. ഇവര്‍ പഴയ സിദ്ധാന്തങ്ങളുടെ പിന്‍തുടര്‍ച്ചക്കാരായി ഉഭയജീവിതം നയിക്കുന്നു. റെയില്‍വേയും, പഞ്ചായത്താപ്പീസും, പാര്‍ട്ടിയാപ്പീസും പോലെ സമകാലീനതയില്‍ കൈയ്യേറി ഒരേസ്വരത്തില്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്നു. തണ്റ്റെ കൂട്ടത്തിലെ അപശബ്ദങ്ങളെ അവര്‍ ഭ്രഷ്ടു കല്‍പ്പിക്കുന്നു. ഈ വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരും രണ്ടാം മതക്കാരായ സമാന്തര ദിശയില്‍ സഞ്ചരിക്കുന്നവരും തമ്മിലുള്ള അടിപിടിയാണ്‌ ഇന്നത്തെ ഏറ്റവും വലിയ സാഹിത്യ വിനോദം. കാലത്തിനൊത്ത്‌ രൂപപ്പെടുന്ന രണ്ടാംമതക്കാരില്‍ പലരും പലരുടേയും സ്തുതിപാഠകരാണ്‌. സ്ഥിരവേതനം പറ്റുകയും ചെയ്യുന്ന ജോലിയോട്‌ സത്യസന്ധത പുലര്‍ത്തുന്നവരും തികഞ്ഞ 'പ്രൊഫഷണലിസം' കാണിക്കുവരുമാണ്‌. പ്രത്യേയശാസ്ത്രത്തിണ്റ്റെയും സ്വപ്ന വാഗ്ദത്തങ്ങളുടേയും തകര്‍ച്ചയെക്കുറിച്ച്‌ ഘോര ഘോരം വിലപിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ എവിടേയും കയറിചെല്ലാനാകുന്നു. ഇവരുടെ മിനുക്കിയ മുഖവും വെട്ടി നിരത്തിയ മീശരോമങ്ങളും വെള്ളിത്തിരയില്‍ മാത്രം കണ്ടുപരിചയമുള്ള ചിരിയും കൊണ്ട്‌ 'ഫൈവ്‌ സ്റ്റാര്‍' സെമിനാറുകളെ കൊഴുപ്പിക്കുന്നു. ഇവര്‍ വിഷയ ദാരിദ്രം ഉള്ളവരല്ല സമകാലികതയില്‍ കലയും സാഹിത്യവും സൃഷ്ടിച്ചിട്ടുള്ള എല്ലാ പൊതുസ്വത്തുക്കളും ആവശ്യം പോലെ എന്നും കൈയ്യേറുന്നവരും പലകാലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റു വിരുദ്ധരും ആണ്‍ പെണ്‍ നപുംസക തലങ്ങളിലൂടെ സഞ്ചരിക്കാന്‍ കെല്‍പുള്ളവരുമാണ്‌. മുകളില്‍പറഞ്ഞ ഈ രണ്ടു ദ്വന്ദ്വങ്ങള്‍ ചേര്‍ന്നതാണ്‌ സമകാലീന കലാസഹിത്യ സാംസ്കാരിക രംഗം. ഈ രണ്ടു മതത്തിണ്റ്റെയും സംഭാവനകളും നന്‍മകളും വിലകുറച്ചു കാണിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്‌. ഈ രണ്ടു മതങ്ങളേയും ഒഴിവാക്കി പുതിയ ഒരു സമകാലീനത സ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയുമില്ല. കാരണം ഈ രണ്ടു ദ്വന്ദ്വങ്ങളും സമൂഹത്തിണ്റ്റെയും കാലത്തിണ്റ്റെയും ജൈവപ്രതിഭാസങ്ങളാണ്‌. അതുകൊണ്ടുതന്നെ അതിനു സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവിക്കാനിരിക്കുന്ന വിപത്തുകളെ മുന്‍ക്കൂട്ടി കാണാന്‍ ശ്രമിക്കുന്നു. ഈ മാറിയ ജനസമൂഹത്തിണ്റ്റെ നിര്‍ണ്ണായക ശക്തിയാക്കി സമകാലീനതയിലെ ഈ മതങ്ങളെ മാറ്റിത്തീര്‍ക്കേണ്ടത്‌ ആത്യാവശ്യമാണ്‌.

ഇരപിടുത്തത്തിണ്റ്റെ പുതിയ സങ്കേതങ്ങള്‍

നരവംശ ശാസ്ത്രജ്ഞര്‍ പുരാതന മനുഷ്യണ്റ്റെ ശാസ്ത്ര സര്‍ഗ്ഗാത്മക പുരോഗതികളേയും അതിലൂടെ വികസിച്ച ഉപജീവനത്തിണ്റ്റെയും അതിജീവനത്തിണ്റ്റെയും പുതിയ പുതിയ സങ്കേതങ്ങളുടെ വിവധ ഘട്ടങ്ങളെ വിശദമാക്കുന്നു. മനുഷ്യന്‍ ഇരതേടുന്നതിണ്റ്റെ രീതി ശാസ്ത്രങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു. ആഹരിക്കേണ്ടതും വിഹരിക്കേണ്ടതുമായ ഘടകങ്ങളെ അവന്‍ സ്വയം രൂപപ്പെടുത്തുകയും നിരന്തരമായ മാറ്റങ്ങള്‍ക്ക്‌ അതിനെ വിധേയപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വൈവിധ്യങ്ങളേയും ഏറ്റുവാങ്ങുന്നു പ്രകൃതിയില്‍ ചില സൌന്തര്യസങ്കല്‍പങ്ങള്‍ അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. ആയിരം വര്‍ഷം മുന്‍പ്‌ ഇവിടെ ചിലന്തി ഉണ്ടായിരുന്നു ആന്നും ആ ജീവി ഇരതേടിയിരുന്നത്‌ ഇന്നത്തെ പോലെ മനോഹരമായ വലകള്‍കെട്ടിയുണ്ടാക്കി അതില്‍ നിശബ്ദമായി ഇരുന്ന്‌ അതില്‍തങ്ങുന്ന പ്രാണികളെ പിടിച്ചാണ്‌. പക്ഷെ മനുഷ്യണ്റ്റെ ഇരതേടല്‍ എണ്ണിയാലൊടുങ്ങാത്ത എത്ര രൂപമാറ്റങ്ങളിലൂടെയാണ്‌ കടന്നു വന്നിട്ടുള്ളത്‌. മനുഷ്യന്‍ പ്രകൃതിയോട്‌ വൈരുദ്ധ്യാത്മകമായി ഇടപെടുന്നവനാണ്‌. അവണ്റ്റെ അതിജീവന തന്ത്രം പുതിയ പുതിയ ശീലങ്ങളിലൂടേയും ശീലക്കേടുകളിലൂടേയും അതിവേഗം പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നു. അവന്‍ ജീവിക്കുന്ന സമൂഹത്തിണ്റ്റെ കെട്ടുറപ്പ്‌ എന്നു പറയുന്നത്‌ ഈ അതിജീവനതന്ത്രങ്ങള്‍ ഊന്നുന്ന മൂല്യബോധത്തിലാണ്‌. ആ മൂല്യബോധത്തേയും അത്‌ സ്വാത്മനാ വളര്‍ത്തിയെടുക്കേണ്ടതുമായ ഒരു സമൂഹത്തിണ്റ്റെ ആന്തരിക ജീവിതത്തേയും ഇന്നിണ്റ്റെ കലയും, സാഹിത്യവും നയിക്കുന്നു. ഒരു ജനസമൂഹത്തിണ്റ്റെ ആന്തരിക ജീവിതത്തെ കലയും സാഹിത്യവും മതവിശ്വാസങ്ങളും ഒത്തൊരുമിച്ചു നയിക്കണം.

സമകാലീനത ഒരു നിര്‍വ്വചനം

കാലപ്രവാഹത്തിലെ ഭൂതഭാവിവര്‍ത്തമാനകാല നിത്യതയെ പൌരാണിക ഋഷിവര്യന്‍മാര്‍ ഒരു 'ഡമരു' വിനോട്‌ ഉപമിച്ചിരിക്കുന്നു. കൈലാസ നാഥനായ ഭഗവാന്‍ നടരാജന്‍ ധരിച്ചിരിക്കുന്ന ഡമരുവിനെ ഇങ്ങിനെ വ്യാഖ്യാനിക്കപ്പെടുന്നു. 'അതിണ്റ്റെ രണ്ടു വാവട്ടങ്ങളില്‍ ഒന്ന്‌ സൃഷ്ടിയും മറ്റേയറ്റം നിര്‍വ്വാണവും നടുവിലെ ഏകബിന്ദു വര്‍ത്തമാനവുമാണ്‌. അനുനിമിഷം വന്നു വീഴുകയും പൊലിയുകയും ചെയ്യുന്ന ഈ കാലത്തിണ്റ്റെ കേന്ദ്രബന്ദുവിലാണ്‌ സമകാലികതയുടെ അര്‍ത്ഥമിരിക്കുന്നത്‌. 'കാലം എന്ന രണ്ടു ചക്രമുള്ളതേരിനെ ഏഴ്‌ കുതിരകള്‍ വലിക്കുന്നു; അഞ്ച്‌ ഏര്‍ക്കാലുകളാകുന്ന ഋതുക്കളോടുകൂടിയ ഈ ചക്രത്തെ ഭുവനങ്ങളെല്ലാം ആശ്രയിക്കുന്നു' എന്ന്‌ ഋഗ്വേദത്തില്‍ പറയുതായി ശ്രീ കെ. പി. അപ്പന്‍ സാക്ഷ്യപ്പെടുത്തുന്നു*. പുരാണങ്ങളുടെ ഭാവനയില്‍ കാലം ഋതുചക്രങ്ങളിലൂടെ വെളിപ്പെടുന്നു ചന്ദോബന്ദമായ ഒരു വൃത്തമാണ്‌. ഈ രണ്ടു നിര്‍വചനങ്ങള്‍ക്കുമപ്പുറം പുതിയ മനുഷ്യണ്റ്റെ കാലത്തിലുള്ള ഇടപെടലുകള്‍ സമകാലീനതയ്ക്ക്‌ പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. പുതിയ ചില പ്രശ്നസങ്കീര്‍ണ്ണതകള്‍ക്കു നടുവിലാണ്‌ സമകാലീന ജനസമൂഹം നില്‍ക്കുന്നത്‌. ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ഭാവി ഉത്തരം മുട്ടിക്കുന്ന ചോദ്യമാവുകയും വര്‍ത്തമാനം അതിജീവനത്തിണ്റ്റെ യുദ്ധകാണ്ഡങ്ങള്‍ ചമയ്ക്കുകയും ചെയ്യുമ്പോള്‍ മൂല്യബോധത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട്‌ കറകളഞ്ഞ ചരിത്രബോധത്തിലൂടെ ഭാവിതലമുറയ്ക്ക്‌ പുത്തന്‍ പ്രതീക്ഷകള്‍ കൊടുക്കേണ്ടുന്ന ഒരു വലിയ കടമ ഇന്നിണ്റ്റെ സമകാലീനതയ്ക്കുണ്ട്‌. ഇന്നിണ്റ്റെ ജനസമൂഹം നിര്‍വഹിക്കുന്ന ചരിത്ര ദൌത്യങ്ങളിലാണ്‌ ഒരു സമകാലീനതയുടെ ജീവന്‍. അതല്ലെങ്കില്‍ 'സമകാലീന' ജനസമൂഹത്തെ വെറുമൊരാള്‍ക്കൂ'മായും കാലത്തെ മഴയുടെയും വെയിലിണ്റ്റെയും നൈരന്തര്യമായും വിട്ടുകളയേണ്ടിവന്നേനെ. അടിച്ചമര്‍ത്തപ്പെടുന്ന ഒരു വലിയ ജനസമൂഹത്തിണ്റ്റെ വിപ്ളവബോധത്തില്‍ നിാണ്‌ സമകാലികത അതിണ്റ്റെ 'സ്നാപ്പ്‌ ഷോട്ടുകള്‍' ഫ്രെയിം ചെയ്തു വയ്ക്കുന്നത്‌. ഒരു താത്കാലിക പ്രതിഭാസം പോലെ അതതു കാലത്തില്‍ പെടുന്ന ചില പ്രത്യേക സംഭവങ്ങളൊ സംഘട്ടനങ്ങളൊ ആ കാലഘ'ത്തിണ്റ്റെ സമകാലികതയാണ്‌. അങ്ങിനെയൊക്കെയാണെങ്കലും ചരിത്രത്തിണ്റ്റെ കണ്ണിമുറിയാത്ത അതിണ്റ്റെ വിപ്ളവസമരങ്ങളുടെ തുടര്‍ച്ചയിലാണ്‌ സമകാലീനത അതിണ്റ്റെ ഊര്‍ജ്ജവും ഓജസ്സും വീണ്ടെടുക്കുന്നത്‌.
__________________________________________________________________
* സമയ പ്രവാഹവും സാഹിത്യകലയും - കെ. പി. അപ്പന്‍
___________________________________________________________________

Friday, March 20, 2009

കോഴി


നീണ്ടു വലിഞ്ഞ്
ഒരൊറ്റ കൂവല്‍
മതിയായിരുന്നു
അന്നൊക്കെ
ഈ നാടുണരാന്‍

പിന്നെപ്പിന്നെ
പകലറുതിയോളം
നിര്‍ത്താതെ ......

അസമയങ്ങളില്‍ കൂവിക്കൊണ്ട്
ആധികളോങ്ങി നോക്കി
പിന്നില്‍ നിന്ന്
ഒന്നുരണ്ടേറു വന്നു

ഇപ്പോള്‍ അറ്റതല
അടഞ്ഞകണ്ണുമായ്
അരികെ
ഉറക്കത്തിലാണ് .

Wednesday, March 11, 2009

മാഷ്‌




മാഷേ ........
അങ്ങ് എവിടെയാണ് .
എന്റെ സ്വപ്നങ്ങളില്‍
പാടവരമ്പത്തൂടെ
കണ്ണെത്താ ദൂരത്ത്
നടന്നുമറയും പോലെ ........

ഞാന്‍ വരുന്നു .
കൂടുകാരും വരും .

നഗ്നത നൂല്ക്കുന്ന ചര്‍ക്ക
പതിയെ തിരിക്കണം .
ഉച്ചവെയിലില്‍ നിന്നു
ഇറങ്ങി വരുന്ന
അപ്പൂപ്പന്‍ താടികളെ
കവിളേറ്റണം .
ഉച്ചക്കഞ്ഞിയുടെ ,
ചെറുപയര്‍ പുഴുക്കിന്റെ ,
ചട്ടകീറിയ എഞ്ചുവടിയുടെ
ഇടയിലോളിപ്പിച്ച
മയില്‍ പീലികളുടെ
ഏകാന്ത സൌന്ദര്യത്തിലേക്ക്
തിരികെ നടന്നെത്താനാമോ.

ചായം മങ്ങിയ ചുമരില്‍
മേഘമാലകളെയും രാജകുമാരനേയും
കിരീടമണിഞ്ഞ കിന്നര കന്യകളെയും
കാണാന്‍ ആകുമായിരുന്നു.

മണിയടിക്കും വരെ
പാടത്തു പരല്‍ തിരഞ്ഞ്
പുല്‌ക്കൊടിയിട്ടു ഞണ്ട് പിടിച്ച്‌ .....

മാഷേ ....
ഇന്ന്
അങ്ങയുടെ ചിതയറുതി കണ്ടു മടങ്ങുന്ന
അതെ സൂര്യന്റെ പകലറുതിയില്‍
തീയോടുങ്ങാ തലയുമായി
ഈ നഗര സന്ധ്യയില്‍
എന്റെ കാവ്യ ബലി .

ഒരു മരണ വീടിന്റെ മൌനം പേറി
ഇനി പഴയ പാഠശാല
അങ്ങയുടെ മെതിയടിയൊച്ച കേട്ടാല്‍
ഓടി ഒളിക്കാന്‍ ഇനി ആരും ഉണ്ടാകില്ല.
ചിലപ്പോള്‍ ആ പാഠശാല പോലും .

മാഷേ ഇതെന്തൊരു മരണമാണ്
ഒന്നും ബാക്കിവയ്ക്കാതെ.

വീണ്ടും കിനാവില്‍
ചോരയില്‍ കുളിച്ച മുഖവുമായി
അങ്ങ് ക്ലാസ് മുറിയിലേക്ക് വന്നു .
ഉള്ളില്‍ ഒരു നിലവിളി
ചിറകിട്ടടിച്ചു .

മുക്കാലന്‍ ബ്ലാക്ക്‌ ബോര്‍ഡില്‍
ഉടലുതാങ്ങി
പിന്നോട്ട് മറിയും മുന്‍പ്
അങ്ങ് പറഞ്ഞു
അടുത്ത പാഠം .....?
(രണ്ടാം തരത്തില്‍ എന്നെ പഠിപ്പിച്ച ജോണി മാഷിന്റെ ഓര്‍മയ്ക്ക് )

Tuesday, March 10, 2009

മതിലുകള്‍

ചിന്ത ഡോട്ട് കോമില്‍ വന്ന എന്റെ കവിത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലിക്ക്

ഉറകള്‍

പാമ്പുറകള്‍ക്ക്
വിഷപ്പല്ലില്ല

മിന്നും സൂചി നാവുകളും

ഇടവഴിയില്‍

വിലങ്ങനെ കിടന്നു

വഴിമുടക്കി

ഉറയില്‍ മണ്ണു നിറച്ച് കളിച്ചു കുട്ടികള്‍

ഉറമാറിയ പാമ്പ്

റോഡ് മുറിച്ചു കടക്കവെ

ഒരു ലോറി പാഞ്ഞു പോയിരുന്നു

പിന്നെ എന്തായെന്നറിയില്ല

Monday, March 9, 2009

ഇടിഞ്ഞു പൊളിഞ്ഞ വീട്

നാറുന്ന രാവ്‌
വിയര്‍തോട്ടിയ പകല്
മുഷിഞ്ഞു പോയല്ലോ വീട്
പലരും വന്നും പോയും
അടക്കാന്‍ മറന്നുപോയ വാതില്‍
തുറന്ന പടിയെ അടര്‍ന്നു പോയി.

ഉണ്ണാനും ഉറങ്ങാനും
കക്കുസും കുളിമുറിയും
ഒക്കെ ഇനി ഈ ഒറ്റമുറി വീട്.

പുലയാട്ടെറിഞ്ഞു തമ്മി തല്ലല്ലേ മാളോരെ
കിണറില്‍ മലം കലങ്ങിയതിനു അയാള്‍ എന്തു പിഴച്ചു
പറങ്കി പുണ്ണ് വന്ന്
അര പഴുതത താരുടെ കുറ്റം .
ഇരുന്നു കൊടുക്കാന്‍ പറഞ്ഞപ്പോ
കിടന്നു കൊടുത്തതാരാ .

കൌപീനം കുത്തി തിരുമ്മി
കുളം കലക്കല്ലേ ...
വന്നോരെ ചൊല്ലി
ഇനി വക്കാണം വേണ്ടാ .

പാടിപ്പാടി ഒരുത്തന്
പിരാന്തായി
' ഘനീഭവിച്ച മേഘങ്ങളിലേക്ക്
പാല് വറ്റാത്ത മുലകളിലേക്ക് . . .'

അവന്‍ പാടിക്കൊണ്ടേ ഇരുന്നു.

വാടക വയറ്റിലിരുന്ന്‌
ഇതൊക്കെ കേട്ടു
കുന്തി കളിക്കല്ലേ മോനേ.

രണ്ടു കുന്നു കള്‍ക്കിടയിലൂടെ
ഉതിക്കുന്ന പാതി സൂര്യനെ
വരച്ച് വരച്ച്‌ വര പഠിച്ചതാ ഞാനും.
പിന്നെ ചോര വാര്‍‌ന്ന്
കടലില്‍ മുങ്ങുന്ന സൂര്യനെ കണ്ട്
ഉഷ്ണം പുതച്ച് രാത്രി വാണിഭങ്ങളുടെ
തോറ്റം പാടി ....


അയ്യോ
എന്നെ തെറിയില് ഉരിയല്ലേ നാറാണാ
ആകാശം മുട്ടിയ
ഈ തെരുവിന്റെ തലകള് കണ്ടില്ലേ..?
ഞാന്‍ പാമ്പ് വിഴുങ്ങി കോണി കളിക്കവേ
നീയുരുട്ടിയ കല്ലില്‍
നീ ഉരുണ്ടു കേറി ചത്താല്‍
കണ്ണോക്കിനു വരാനൊക്കില്ല
കോണി തെറ്റി പാമ്പ് വിഴുങ്ങിയാല്‍.

Related Posts Plugin for WordPress, Blogger...