എന്‍റെ കൂട്ടുകാര്‍

Monday, October 15, 2012

ഉടലഴിക്കുന്ന മരങ്ങളും പാമ്പുകളും

കണ്ടു പഠിക്കണം
ഇലപൊഴിക്കുന്ന മരങ്ങളെ
ഉറയൂരിപ്പോകുന്ന പാമ്പുകളെ.

എത്ര മധുരമായ്, നിശ്ശബ്ദമായ്
ഗഹനമായാണവ
നരച്ചൊരാഖ്യാനങ്ങള്‍ തന്നലുക്കഴിപ്പത്.

തുളവീണുപോകും
നിന്‍ (എന്‍) തണല്‍
ഓരിലയീരില പൊഴിച്ച്
മരമേ... നീയൊരു ഋതുവരയ്ക്കുമ്പോള്‍.

കുട്ടികള്‍ മണ്ണുനിറച്ചു കളിക്കും
പാമ്പിന്നുറകളില്‍, എങ്കിലും
കിനാവിലേക്കിഴഞ്ഞെത്തുന്നു 
പുതിയ പേടികള്‍
വിഷം തേച്ച വാക്കുകള്‍!!

മരങ്ങളേ... ഇഴയും പാമ്പുകളേ...
എനിക്കുമുണ്ട് കൊതി
ഇത്രമേല്‍ മധുരമായ്, നിശബ്ദമായ്,
ഗഹനമായൊരു ഋതുവരക്കുവാന്‍.

കണ്ടുവൊ
ജര
നര
എന്നോ കുടിച്ചു വറ്റിച്ച നഗ്‌നത
ജന്മനേ പൂവിട്ട വൃദ്ധരേണുക്കള്‍..

പറയൂ...

പൊഴിയുമൊ എന്റെയില?
അഴിയുമൊ എന്റെയുറ?
ഞാന്‍ നീര്‍ത്തും പേടി
നീണ്ടുനീണ്ടിഴഞ്ഞൊഴുകുമോ.....
Related Posts Plugin for WordPress, Blogger...